സംഘപരിവാർ ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച 'ഭജൻ ക്ലബ്ബിംഗ്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് എതിർവശത്തുള്ള പാർക്കിലാണ് വൻ ജനപങ്കാളിത്തത്തോടെ ഈ വേറിട്ട സാംസ്കാരിക സന്ധ്യ അരങ്ങേറിയത്.
വേദിയുടെ മുൻനിരയിലിരുന്ന പ്രധാനമന്ത്രി, ശ്രീരാമ ഭജനുകൾക്കൊപ്പം കൈയടിച്ചും കഞ്ചീര കൊട്ടിയും ആവേശം പങ്കുവെച്ചു. സദസിലും ഗായകരിലും ഭൂരിഭാഗവും യുവതലമുറയിലെ പ്രതിനിധികളായിരുന്നു. ആധുനിക സംഗീത ലൈവ് കൺസേർട്ടുകളുടെ ശൈലിയിൽ യുവാക്കൾ കൂട്ടമായി ചേർന്ന് ഭക്തിഗാനങ്ങൾ ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പുതിയ സാംസ്കാരിക തരംഗമാണ് 'ഭജൻ ക്ലബ്ബിംഗ്'.
പരമ്പരാഗത ഭക്തിഗാനങ്ങളെ ഇലക്ട്രോണിക്-അക്കോസ്റ്റിക് താളങ്ങളുമായി സമന്വയിപ്പിച്ച് മദ്യമോ മറ്റ് ലഹരികളോ ഇല്ലാത്ത ക്ലബ്ബ് അന്തരീക്ഷത്തിലാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും വിദേശത്തും യുവതലമുറയ്ക്കിടയിൽ ഈ ശൈലി വേഗത്തിൽ പ്രചാരം നേടുകയാണ്.